പത്തനംതിട്ട ; ലോക്സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച അറിയിപ്പുകൾ

 

പത്തനംതിട്ട – ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദ്ദേശ പത്രിക മറ്റെന്നാൾ (28) മുതൽ സമർപ്പിക്കാം. ജില്ലാ വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണൻ്റെ മുമ്പാകെയാണ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടത്.
ഏപ്രിൽ നാലാം തീയതിയാണ് അവസാന തീയതി. അഞ്ചാം തീയതി സൂക്ഷ്മ പരിശോധനയും പത്രിക കാണിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ടുമാണ്. വോട്ടെടുപ്പ് ഏപ്രിൽ 26നും വോട്ടെണ്ണൽ നാലിനും നടക്കും.

എം.സി.എം.സി പ്രവർത്തനം

ഏകപക്ഷീയ വാർത്തകൾ, പെയ്ഡ് ന്യൂസ്, മുൻകൂർ അനുമതിയില്ലാതെയുള്ള പരസ്യ പ്രസിദ്ധീകരണം, സംപ്രേഷണം തുടങ്ങിയവ കണ്ടെത്തി നടപടി സ്വീകരിക്കുക, ബന്ധപ്പെട്ട സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് കണക്കിൽ ഉൾപ്പെടുത്തുക, സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങളിൽ നൽകാനുള്ള രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർഥികളുടെയും പരസ്യങ്ങൾക്ക് മുൻകൂർ അനുമതി നൽകുക, പോസ്റ്റർ, ഹാൻഡ്ബിൽസ് തുടങ്ങിയവയിൽ പബ്ലിഷറുടെയും പ്രിന്ററുടെയും പേരും മേൽവിലാസവും രേഖപ്പെടുത്തിയെന്ന് പരിശോധിക്കുക തുടങ്ങിയവയാണ് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) യുടെ ചുമതലകൾ.

പത്രങ്ങൾ, ടെലിവിഷൻ, ചാനലുകൾ, പ്രാദേശിക കേബിൾ ചാനലുകൾ, റേഡിയോ, സാമൂഹ്യമാധ്യമങ്ങൾ, എസ്.എം.എസ്/ വോയിസ് മെസേജസ്, തീയറ്ററുകൾ ഉൾപ്പെടെയുള്ള മറ്റ് ദൃശ്യ ശ്രാവ്യ മാധ്യമ സങ്കേതങ്ങൾ, പൊതുസ്ഥലങ്ങളിലെ വീഡിയോ ഓഡിയോ പ്രദർശനം, ദിനപത്രങ്ങളുടെ ഇ പേപ്പറുകൾ, സാമൂഹിക മാധ്യങ്ങൾ, വെബ്സൈറ്റുകൾ തുടങ്ങിയവയിലെ പരസ്യങ്ങൾക്കെല്ലാം മുൻകൂർ അനുമതി വാങ്ങണം.

ഇതര രാജ്യങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾ, ഏതെങ്കിലും മതം, സമുദായം എന്നിവയ്ക്കെതിരെയുള്ള ആക്രമണം, അപകീർത്തികരവും അശ്ലീലവുമായ പരാമർശം, കോടതിയലക്ഷ്യം, അക്രമങ്ങൾ പ്രോത്സാഹിപ്പിക്കൽ, പ്രസിഡന്റ്, ജുഡീഷ്യറി എന്നിവയുടെ വിശ്വാസ്യതയെ പരാമർശിക്കൽ, രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, പരമാധികാരം, എന്നിവയ്ക്കെതിരെയുള്ളതും, ഏതെങ്കിലും വ്യക്തിയെ പേരു പറഞ്ഞു വിമർശിക്കുന്ന പരസ്യങ്ങൾ തുടങ്ങിയവ അനുവദിക്കില്ല.

ആരാധനാലയങ്ങളുടെ ചിത്രങ്ങൾ, അടയാളങ്ങൾ, പ്രതീകങ്ങൾ എന്നിവ സമൂഹമാധ്യമ പോസ്റ്റുകളിലും പ്രചാരണ ഗാനങ്ങളിലും ഉൾപ്പെടുത്തരുത്. പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഫോട്ടോ, ഏതെങ്കിലും നേതാവിന്റെയോ പ്രവർത്തകരുടെയോ സ്വകാര്യ ജീവിതത്തെ ബാധിക്കുന്ന വിവരങ്ങൾ, സ്ഥിരീകരിക്കാത്ത ആരോപണങ്ങൾ സംബന്ധിച്ച വിമർശനങ്ങൾ തുടങ്ങിയവയും ഉപയോഗിക്കരുത്.

അപേക്ഷകൾ നിശ്ചിത ഫോമിൽ സമർപ്പിക്കാം…

അംഗീകൃത പാർട്ടികളുടെ സ്ഥാനാർഥികളും പ്രതിനിധികളും പരസ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതിന് മൂന്നു ദിവസം മുൻപെങ്കിലും നിശ്ചിത ഫോമിൽ എം.സി.എം.സി സെല്ലിൽ അപേക്ഷ സമർപ്പിക്കണം. രജിസ്റ്റർ ചെയ്യാത്ത പാർട്ടികളോ വ്യക്തികളോ ആണെങ്കിൽ ഏഴു ദിവസം മുൻപ് അപേക്ഷ നൽകണം. പരസ്യത്തിന്റെ ഇലക്ട്രോണിക് പതിപ്പിന്റെ രണ്ട് പകർപ്പുകളും സാക്ഷ്യപ്പെടുത്തിയ ആയശ കുറിപ്പും (ട്രാൻസ്ക്രിപ്റ്റും) സമർപ്പിക്കണം. പരസ്യത്തിന്റെ നിർമാണച്ചെലവ്, ടെലികാസ്റ്റ് ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് തുടങ്ങിയവ വ്യക്തമാക്കണം. പരസ്യം പ്രദർശിപ്പിക്കുന്നതിനുള്ള പണം ചെക്ക്/ ഡിമാന്റ് ഡ്രാഫ്റ്റ് ആയേ നൽകൂവെന്ന പ്രസ്താവനയും അനുബന്ധമായി ഉൾപ്പെടുത്തണം.

ടിവി /കേബിൾ ടിവി ചാനലുകളിലെ പരസ്യങ്ങൾക്കും, ബൾക്ക് എസ്.എം.എസുകൾക്കും വോയിസ് മെസേജുകൾക്കും (വലിയ സംഖ്യ ഹ്രസ്വ സന്ദേശങ്ങൾക്കും, ശബ്ദ സന്ദേശങ്ങൾക്കും) നിയമം ബാധകമായിരിക്കും. സാമൂഹിക മാധ്യമം, ഇ-പേപ്പറുകൾ എന്നിവയിൽ നൽകുന്ന പരസ്യങ്ങൾക്കും പ്രീ-സർട്ടിഫിക്കേഷൻ നേടേണ്ടത് ആവശ്യമാണ്

ജില്ലയിൽ പുതുതായി 9575 യുവവോട്ടർമാർ

ലോക്സഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ പുതുതായി 9575 യുവ വോട്ടർമാർ കൂടി വോട്ടർപട്ടികയിലേക്ക്. ആകെ 4880 യുവാക്കളും 4695 യുവതികളുമാണ് ഇന്നലെ (25) വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള യുവവോട്ടർമാർ. അടൂർ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ കന്നിവോട്ടർമാരുള്ളത്. അടൂരിൽ 2306 പേരിൽ 1187 യുവാക്കളും 1119 യുവതികളും, തിരുവല്ലയിൽ 1923 പേരിൽ 970 യുവാക്കളും 953 യുവതികളും, ആറ•ുളയിൽ 1900 പേരിൽ 971 യുവാക്കളും 929 യുവതികളും കോന്നിയിൽ 1888 പേരിൽ 916 യുവാക്കളും 972 യുവതികളും റാന്നിയിൽ 1558 പേരിൽ 836 യുവാക്കളും 722 യുവതികളുമാണ് 18 നും 19 നും ഇടയിൽ പ്രായം ഉള്ള യുവവോട്ടർമാർ. വോട്ടർ പട്ടികയിൽ പേരുചേർക്കുന്ന നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ എണ്ണം ഇനിയും വർധിക്കും.

പോളിങ് സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങൾ

ലോക്സഭാ തെരഞ്ഞെടുപ്പിനാവശ്യമായ പോളിങ് സാമഗ്രികളുടെ വിതരണ- സ്വീകരണ നടപടികൾ ജില്ലയിൽ അഞ്ച് കേന്ദ്രങ്ങളിലായി സജ്ജീകരിക്കും. ജില്ലയിൽ ഉൾപ്പെട്ട നിയോജക മണ്ഡലങ്ങളിലെ വിതരണ-സ്വീകരണ കേന്ദ്രങ്ങൾ :കുറ്റപ്പുഴ മാർത്തോമ റെസിഡൻഷ്യൽ സ്കൂൾ (തിരുവല്ല), റാന്നി സെന്റ് തോമസ് കോളജ് (റാന്നി), മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ (ആറന്മുള), എലിയറയ്ക്കൽ അമൃത വിഎച്ച്എസ്എസ് (കോന്നി), അടൂർ ബി എഡ് സെന്റർ (അടൂർ). കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജക മണ്ഡലങ്ങളിലെ പോളിങ് സാമഗ്രികളുടെ വിതരണ- സ്വീകരണകേന്ദ്രങ്ങൾ അതാത് ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ പ്രവർത്തിക്കും. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട ഏഴ് നിയോജക മണ്ഡലങ്ങളുടെയും വോട്ടെണ്ണൽ കേന്ദ്രം ചെന്നീർക്കര കേന്ദ്രീയ വിദ്യാലയമാണ്.

ജില്ലയിൽ 1077 പോളിംഗ് ബൂത്തുകൾ

ജില്ലയിൽ ലോക്സഭാ തെരഞ്ഞെടുപ്പിനായി 1077 പോളിംഗ് ബൂത്തുകളാണ് ക്രമീകരിക്കുന്നതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും കളക്ടറുമായ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. നിയോജക മണ്ഡലാടിസ്ഥാനത്തിൽ ആറന്മുള 246, കോന്നി 212, അടൂർ 209, തിരുവല്ല 208, റാന്നി 202 പോളിങ് ബൂത്തുകളാണുണ്ടാകുക. തിരുവല്ലയിൽ നാലും കോന്നി, അടൂർ നിയോജകമണ്ഡലങ്ങളിൽ രണ്ടു വീതവും റാഷണലൈസ് ബൂത്തുകൾ സജ്ജീകരിക്കും.

പോസ്റ്റർ-ബാനർ-കൊടി നീക്കം ചെയ്തു

ലോക്സഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ട ലംഘനത്തെ തുടർന്ന് ജില്ലയിൽ 101 പോസ്റ്ററുകളും ബാനറുകളും കൊടി തോരണങ്ങളും നീക്കം ചെയ്തു. ഫ്ളയിങ് സ്ക്വാഡും ആന്റി ഡിഫേയ്സ്മെന്റ് സ്ക്വാഡും മാർച്ച് 26 വരെ നടത്തിയ പരിശോധയിലാണ് പൊതുസ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ചവ നീക്കം ചെയ്തത്. ഏറ്റവും കൂടുതൽ പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്തത് അടൂർ മണ്ഡലത്തിലാണ്. അടൂർ 31, ആറന്മുള 29, റാന്നി 22, കോന്നി 13, തിരുവല്ല ആറ് എന്നിങ്ങനെയാണ് കണക്ക്. വരും ദിവസങ്ങളിലും പരിശോധന തുടരും.

സി-വിജിൽ:

1111 പരാതികൾ; 1085 പരിഹാരം

സി-വിജിൽ മൊബൈൽ ആപ്ലിക്കേഷനിലൂടെ ജില്ലയിൽ ഇതുവരെ ലഭിച്ചത് 1111 പരാതികൾ. ഇതിൽ 1085 പരാതികൾ പരിഹരിച്ചു. ശേഷിക്കുന്ന പരാതികൾ കഴമ്പില്ലാത്തവയാണെന്ന് കണ്ടെത്തിയതിനാൽ ഉപേക്ഷിച്ചു. അനധികൃതമായി പ്രചാരണ സാമഗ്രികൾ പതിക്കൽ, പോസ്റ്ററുകൾ, ഫ്ളക്സുകൾ എന്നിവയ്ക്കെതിരെയാണ് കൂടുതൽ പരാതികൾ ലഭിച്ചത്. കൂടുതൽ പരാതികളും അടൂർ നിയോജകമണ്ഡലത്തിൽ നിന്നാണ്. അടൂർ 555, ആറന്മുള 318, കോന്നി 103, തിരുവല്ല 72, റാന്നി 63 പരാതികളാണ് ലഭിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങൾ പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ സി വിജിൽ മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി മാർച്ച് 16 മുതൽ ജില്ലയിൽ സി-വിജിൽ ആപ്പ് പ്രവർത്തനം ആരംഭിച്ചത്. പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത് ആപ്ലിക്കേഷൻ വഴി തത്സമയ ചിത്രങ്ങൾ, രണ്ടു മിനിറ്റു വരെ ദൈർഘ്യമുള്ള വീഡിയോകൾ, ശബ്ദരേഖകൾ എന്നിങ്ങനെ പരാതിയായി സമർപ്പിക്കാം.

ചെലവ് നിരീക്ഷൻ നാളെ (27) ജില്ലയിൽ

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെലവ് നിരീക്ഷനായ കമലേഷ് കുമാർ മീണ ഐആർഎസ് നാളെ (27) ജില്ലയിൽ എത്തും. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് നിരീക്ഷകനായ നിയമിച്ച അരുൺ കുമാർ കേംഭവി ഐഎസും പോലീസ് നിരീക്ഷകനായ എച്ച് രാംതലെഗ്ലിയാന ഐപിഎസും ജില്ലയിൽ അടുത്ത ദിവസങ്ങളിൽ എത്തും

ആയുധങ്ങൾ ഡിപ്പോസിറ്റ് ചെയ്യണം

ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലക്ഷൻ കമ്മീഷന്റെ ഉത്തരവുപ്രകാരം എല്ലാ ആയുധ ലൈസൻസികളും കൈവശം സൂക്ഷിച്ചിട്ടുളള ആയുധങ്ങൾ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിൽ അടിയന്തരമായി ഡിപ്പോസിറ്റ് ചെയ്യണം. വീഴ്ച വരുത്തുന്ന പക്ഷം ആയുധ നിയമവും ചട്ടങ്ങളും പ്രകാരമുളള നടപടി സ്വീകരിക്കുമെന്നു തെരഞ്ഞെടുപ്പു വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേംകൃഷ്ണൻ അറിയിച്ചു.